Sunday, 11 October 2015

ഇനി പരുമലയും പ്ലാസ്റ്റിക് രഹിതം പരുമല പെരുന്നാളിന് വിപുലമായ ഒരുക്കങ്ങള്‍

                                    പത്തനംതിട്ട: പരുമലയും പ്ലാസ്റ്റിക് രഹിതം. ശബരിമല പദ്ധതി മാതൃകയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പെരുന്നാള്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പ്ലാസ്റ്റിക് നിര്‍മാര്‍ജന പദ്ധതിയില്‍ പരുമല സെമിനാരിയും സഹകരിക്കും. സെമിനാരിയുടെ നേതൃത്വത്തിലുള്ള യുവജനസംഘം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ച്ചയായ ഇടവേളകളില്‍ ശുചീകരണം നടത്താനും പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വഴിയരികില്‍ ഉപേക്ഷിക്കാതിരിക്കാന്‍ മൈക്കിലൂടെ അറിയിപ്പും നല്‍കും. മാലിന്യങ്ങള്‍ ശേഖരിക്കാനായി തീര്‍ഥാടനപാതയില്‍ ബിന്നുകള്‍ സ്ഥാപിക്കും.
മാന്നാര്‍-ചെങ്ങന്നൂര്‍ റൂട്ടിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി തീര്‍ക്കാനും റോഡിന് ഇരുവശവുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും നടപടിയായി. പരുമല പുത്തന്‍വീട്ടില്‍ പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കും. പരുമല ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഉപയോഗപ്രദമാക്കും. തീര്‍ഥാടന പരിസരത്ത് യാചക നിരോധനം കര്‍ശനമാക്കും. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി തീര്‍ഥാടകരെ പരുമല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിയശേഷം വാഹനങ്ങള്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ ഗ്രൗണ്ട്, മഹാത്മ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പരിസര ശുചീകരണത്തിനായി ക്ലോറിനേഷനും ഫോഗിങും നടത്തും. 24 മണിക്കൂറും ആംബുലന്‍സ് സേവനം സജ്ജമാക്കും. കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കും. തീര്‍ഥാടനം പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. തീര്‍ഥാടന പാതയില്‍ വഴിയോര കച്ചവടം നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആവശ്യമായ പോലീസ് സേനയുടെ കുറവ് ഉണ്ടാകാതിരിക്കാന്‍ ഉന്നത പോലീസ് മേധാവികളുടെ സഹായം തേടും.
തിരുവല്ല ആര്‍.ഡി.ഒ എ.ഗോപകുമാര്‍, തഹസില്‍ദാര്‍ തുളസീധരന്‍ നായര്‍, ഡിവൈ.എസ്.പി കെ.ജയകുമാര്‍, ഡി.എം.ഒ ഡോ.ഗ്രേസി ഇത്താക്ക്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങളായ എ.പി മാത്യു പരുമല, തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment